കാഴ്ചപ്പാട്
സാഹിത്യാദി കലകൾ ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക മാനകമാണ്. അതു കൊണ്ടു തന്നെ സാഹിത്യാസ്വാദനവും കലാഭിരുചിയുമെല്ലാം വിദ്യാർത്ഥി ജീവിതത്തിന്റെ ഭാഗമാവണം. ചരിത്രബോധവും വൈവിധ്യ തലങ്ങളിലുള്ള ജ്ഞാനസമ്പാദനവും സാഹിത്യകലാ സമ്പർക്കത്തിലൂടെ വിദ്യാർത്ഥികൾ കൈവരിക്കണം.
ഒരു ദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നിർമിതിയിൽ പ്രധാന ഭാഗഭാഗിത്വം വഹിക്കാൻ വൈചാരിക വൈകാരിക ദൃഢതയുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിന് ഉതകുന്ന കലാ സാഹിത്യാദി പ്രവർത്തനങ്ങളാണ് മലയാള വിഭാഗം സ്വരൂപിച്ചിട്ടുള്ളത്.
മലയാള സാഹിത്യവുമായി മാത്രമല്ല ഇതര ഇന്ത്യൻ സാഹിത്യവുമായും യൂറോപ്യൻ സാഹിത്യവുമായും ലാറ്റിനമേരിക്കൻ സാഹിത്യവുമായും ആധികാരികമായി പരിചയപ്പെടാൻ വഴിതുറക്കും വിധമുള്ള പഠന ക്രിയകളും വിദ്യാർത്ഥികൾക്കായി മലയാള വകുപ്പ് വിഭാവനം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥി ക്ഷേമത്തെ സംബന്ധിച്ചുള്ള മലയാള വിഭാഗത്തിന്റെ സമൂല കാഴ്ചപ്പാടിന്റെ അസ്ഥിവാരം ഈ ആശയധാരകളാണ്. ഉള്ളുറപ്പും പ്രായോഗിക ക്ഷമതയും പ്രതിരോധ മികവും അവബോധാത്മകതയും സ്വാശീകരിച്ചു കൊണ്ട് തുറസും പക്വവുമായ വ്യക്തിത്വം രൂപപ്പെടുത്താൻ ഈ പഠന ക്രിയകൾ വിദ്യാർത്ഥികളെ സഹായിക്കും എന്ന കാര്യം അവിതർക്കിതവുമാണ്.
ദൗത്യം
ദൃഢതയാർന്ന സാംസ്കാരിക തുറസുകൾ സമൂഹത്തിൽ സ്ഥാപിതമാകുന്നത് വൈവിധ്യമാർന്ന കലാ സാഹിത്യാദി പ്രവർത്തനങ്ങൾ വഴിയാണ്. കാര്യക്ഷമമായ മാറ്റങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കാൻ ഉതകുന്ന ജ്ഞാനോദയ പ്രവർത്തനങ്ങൾക്ക് സാഹിത്യാദി കലകൾ വഴിവെക്കും.
ഈ കാഴ്ചപ്പാടിനെ മുൻനിർത്തി വിദ്യാർത്ഥികളുടെ ആന്തരിക ഭൗതികതലങ്ങളെ അപനിർമിക്കാൻ പര്യാപ്തമായ കലാ സാഹിത്യ പ്രവർത്തനങ്ങൾ ക്യാമ്പസിൽ സംഘടിപ്പിക്കുക. ഇത് ദേശത്തിന്റെ സാമൂഹ്യവും മാനവികവുമായ വളർച്ചയെ ത്വരിതപ്പെടുത്തും വിധം പ്രയോഗവത്കരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക.
ലക്ഷ്യം
സാഹിത്യാദി കലകൾ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥി സമൂഹത്തിന്റെ സാക്ഷാത്കാരം.വൈചാരിക വൈകാരിക പക്വതയും തന്റേടവും കാര്യശേഷിയുമുള്ള യുവതയുടെ സൃഷ്ടി.
ചരിത്രബോധവും സാഹിത്യ ധാരണയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ രൂപവത്കരണം
അനുഭവങ്ങളിൽ നിന്നും ഓർമകളിൽ നിന്നും സ്വായത്തമാക്കുന്ന ജൈവിക അറിവുകളെ സമൂഹ നിർമിതിയുടെ പ്രധാന ഉരകല്ലാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക.